Menu Close

വയലുകള്‍ക്കു മുകളില്‍ യന്ത്രത്തുമ്പികള്‍ പറന്നുതുടങ്ങി

ആളില്ലാവിമാനങ്ങളായ ഡ്രോണുകള്‍ കേരളത്തിന്റെ ആകാശത്ത് സ്ഥിരം കാഴ്ചയായിട്ട് വളരെ കുറച്ചുനാളേ ആയിട്ടുള്ളൂ. ആദ്യം സിനിമാഷൂട്ടിങ്ങിനായിരുന്നു പ്രത്യക്ഷപ്പെട്ടത്. പിന്നെ ഷോര്‍ട്ട് ഫിലിമുകള്‍ക്കു പോലും ഒഴിവാക്കാനാവാത്തതായി. കല്യാണവീടുകളിലും സമ്മേളനസ്ഥലങ്ങളിലും കറങ്ങിനടക്കാന്‍ തുടങ്ങി. പോലീസ് പോലും പെറ്റിക്കേസ് പിടിക്കാന്‍ ഡ്രോണുകളെ പറത്തിവിട്ടത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ അപ്പോഴൊന്നും അത് കര്‍ഷകന്റെ സുഹൃത്തായി മാറുമെന്ന് നമ്മളൊരിക്കലും വിചാരിച്ചില്ല. ഇപ്പോഴിതാ വയലേലകള്‍ക്കും തോട്ടങ്ങള്‍ക്കും മുകളില്‍ ഡ്രോണ്‍ മൂളിപ്പറക്കാന്‍ തുടങ്ങിയിരിക്കുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള കിസാന്‍ ഡ്രോണുകള്‍ക്ക് ആവശ്യക്കാര്‍ ആയിത്തുടങ്ങി. കര്‍ഷകരുടെ ജോലിഭാരം കുറയ്ക്കുക മാത്രമല്ല, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യത പാലിക്കാനും ചെലവുകുറയ്ക്കാനും ഡ്രോണുകള്‍ മൂലം കഴിയുന്നു.

കൃഷിയില്‍ എന്തിനൊക്കെയാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്?

വളപ്രയോഗം, വിളയുടെ വളര്‍ച്ച നിരീക്ഷിക്കല്‍, മണ്ണ് പരിശോധന, വിള-മാപ്പിങ്, കീടങ്ങളുടെ ആക്രമണം കണ്ടെത്തല്‍, വിളനശീകരണം പരിശോധിക്കല്‍, വിളഭൂമിയുടെ നിരീക്ഷണം, കീടനാശിനി പ്രയോഗം തുടങ്ങി നിരവധി ജോലികള്‍ ഡ്രോണുകള്‍ക്കു ചെയ്യാനാകും. സമീപഭാവിയില്‍ വിള കൊയ്യാനും കൊയ്തവ സംഭരണകേന്ദ്രത്തിലെത്തിക്കാനും അവിടെനിന്ന് വിപണിയിലേക്കു കൊണ്ടുപോകാനും ഡ്രോണുകള്‍ ശേഷി നേടുമെന്നാണ് പറയപ്പെടുന്നത്.

കൃഷിഭൂമിക്കു മുകളിലൂടെ പറന്നുനടന്ന് വിളയുടെ സ്വഭാവവും പോഷകസ്ഥിതിയും കീടങ്ങളുടെ സാന്നിധ്യവും മനസ്സിലാക്കി അതിനൊക്കെ പരിഹാരം ചെയ്യാന്‍ സ്വയം കഴിയുന്ന ഡ്രോണുകള്‍ കൃഷി സങ്കല്‍പ്പത്തില്‍ത്തന്നെ വലിയ മാറ്റം വരുത്തുകയാണ്. നിലവില്‍ ഒരു ഏക്കറില്‍ വളപ്രയോഗം നടത്തുന്നതിന് ഏകദേശം എട്ട് മിനിട്ട് മാത്രമാണ് ഡ്രോണിന് ആവശ്യമുള്ളത്. ഇത്തരം ഉപയോഗത്തിനുള്ള ഡ്രോണുകളുടെ സാധാരണ ടാങ്ക് സംഭരണശേഷി 12 ലിറ്ററാണ്. 10 ലിറ്റര്‍ കൊണ്ട് ഒരു ഏക്കര്‍ തളിക്കാനൊക്കും. അവ വഹിക്കുന്ന ഭാരം ഏകദേശം 47 കിലോഗ്രാമാണ്. സെക്കന്റില്‍ 5 മീറ്ററാണ് പ്രവര്‍ത്തനവേഗത. ഒരു ദിവസം പരമാവധി 35 ഏക്കര്‍ സ്ഥലത്ത് സ്പ്രേ ചെയ്യാനാകും. ഒരു ഏക്കറില്‍ സ്പ്രേ ചെയ്യാന്‍ ഏകദേശം 720മില്ലിലിറ്റര്‍ ഇന്ധനമാണ് വേണ്ടത്. 2 മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ സ്പ്രേ ചെയ്യാനാകും. ബാറ്ററി, പെട്രോള്‍ എഞ്ചിന്‍, ഹൈഡ്രജന്‍, സോളാര്‍ ശക്തി തുടങ്ങിയവ ഉപയോഗിച്ച് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും.

ഏതൊക്കെ തരം ഡ്രോണുകള്‍?

പ്രധാനമായും മൂന്നുതരം ഡ്രോണുകളാണ് ഇന്ത്യന്‍ കൃഷിഭൂമിയില്‍ ഉപയോഗിക്കുന്നത്. ഒന്നാമത്തേത് റോട്ടറി ഡ്രോണുകള്‍ ആണ്. വിളകളുടെ വളപ്രയോഗത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഫിക്സഡ് വിംഗ് ഡ്രോണുകള്‍ ആണ് രണ്ടാമത്തേത്. വളപ്രയോഗത്തിനാണ് ഇവ ഏറെ അനുയോജ്യം. മൂന്നാമത്തേത് ക്യാമറയും സെന്‍സറും ഉപയോഗിക്കുന്ന ഡ്രോണുകളാണ്. കീടങ്ങളെയും മറ്റ് ഉപദ്രവകാരികളായ ജന്തുക്കളേയും നീരീക്ഷിക്കുന്നതിനും കാലാവസ്ഥയിലും മണ്ണിലുമുള്ള വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനും ഇത്തരം ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.

ഡ്രോണുകള്‍ വാങ്ങാന്‍ സബ്സിഡി

കാര്‍ഷിക അടിസ്ഥാനസൗകര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തിച്ച് കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച ധനസഹായപദ്ധതിയാണ് കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധി (AIF). ഇത് ഉപയോഗപ്പെടുത്തി 3% പലിശയിളവോടെ ഇപ്പോള്‍ കര്‍ഷകര്‍ക്ക് ഡ്രോണുകള്‍ സ്വന്തമാക്കാം. കൂടാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതി ആനുകൂല്യങ്ങളും ലഭിക്കും. സ്മാം പദ്ധതിയിലൂടെ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് 75% വരെ സബ്സിഡിയില്‍ ഡ്രോണുകള്‍ വാങ്ങാനുള്ള അവസരം ഉണ്ട്. കാര്‍ഷികമേഖലയില്‍ ഡ്രോണുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഡ്രോണുകളുടെ വില

ബാറ്ററി ഉപയോഗിച്ചുള്ള ഡ്രോണുള്‍ക്ക് 7 ലക്ഷം രൂപയാണ് വില. കൂടാതെ അതിന്റെ അഡീഷണല്‍ ബാറ്ററി ചാര്‍ജ്ജിംഗ് സെറ്റ് ഉള്‍പ്പെടെ 5 ലക്ഷം രൂപയാകും. ഇതിലും വില കുറഞ്ഞതും കൂടിയതുമായ പല തരം ഡ്രോണുകളും നിലവില്‍ വിപണിയിലുണ്ട്.

ഡ്രോണ്‍ ഉപയോഗിക്കാനുള്ള നിയമവ്യവസ്ഥകള്‍

ഡ്രോണ്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് അതാത് പരിധിയില്‍വരുന്ന അധികാരികള്‍ മുഖേന പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്.

യന്ത്രപരിശോധന, അണുവിമുക്തമാക്കല്‍, പ്രഥമശുശ്രൂഷ ഇവ ഓപ്പറേറ്റര്‍മാരുടെ ഉത്തരവാദിത്തമാണ്.

കേന്ദ്ര കീടനാശിനി ബോര്‍ഡും രജിസ്ട്രേഷന്‍ കമ്മിറ്റിയും (CIB&RC) അംഗീകരിച്ച കീടനാശിനികല്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

ഡോസും CIB&RC അംഗീകരിച്ച പരിധിയില്‍ ആയിരിക്കണം.

കീടനാശിനികള്‍ ബാധകമാകുന്നിടത്തെല്ലാം ശുദ്ധജലത്തിലോ അല്ലെങ്കില്‍ CIB&RC അംഗീകരിച്ചിട്ടുള്ള അനുയോജ്യമായ മറ്റൊരു ചേരുവയിലോ മാത്രമേ നേര്‍പ്പിക്കാവൂ.

നിയമപരമായ മുന്‍കരുതലുകളും പാലിക്കേണ്ട നടപടിക്രമങ്ങളും

ഡ്രോണ്‍ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതും മറ്റ് വിളസംരക്ഷണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് കേന്ദ്ര കര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് അംഗീകൃത ഉപയോഗ നടപടിക്രമങ്ങള്‍ (Standard Operating Procedures) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ചുരുക്കി ചുവടെ ചേര്‍ക്കുന്നു.

ഡ്രോണ്‍ നിരോധിത മേഖലയില്‍ (വിമാനത്താവളം, ഇലക്ട്രിക് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങള്‍) ഉപയോഗം പാടുള്ളതല്ല. ഗ്രീന്‍ സോണില്‍ ഡ്രോണ്‍ പറത്താവുന്നതാണ്.

നിങ്ങളുടെ ഡ്രോണ്‍ ഡിജിറ്റല്‍ സ്കൈ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് DGCA യില്‍നിന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നേടുകയും അത് ഡ്രോണില്‍ പതിക്കേണ്ടതുമാണ്. അല്ലാത്ത ഇടങ്ങളില്‍ അന്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേഷന്‍ പെര്‍മിറ്റ് നേടേണ്ടതാണ്.

അപകടങ്ങള്‍ ഉണ്ടായാല്‍ അധികാരികളെയും പോലീസിനെയും വിവരം അറിയിക്കുക.

ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, സ്റ്റേഡിയങ്ങള്‍ ഇവയ്ക്കു മുകളിലൂടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്താന്‍ പാടുള്ളതല്ല.

കുറഞ്ഞത് 5 മിനിറ്റെങ്കിലും ശുദ്ധജലം ഉപയോഗിച്ച് പ്രവര്‍ത്തനം പരിശോധിക്കേണ്ടതാണ്.

അപകടകരമായ മാലിന്യങ്ങള്‍ ഒരിക്കലും കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യരുത്.

ആളുകള്‍ക്ക് മുന്നറിയിപ്പിനായി സ്പ്രേ മേഖലയില്‍ അറിയിപ്പും അടയാളങ്ങളും സ്ഥാപിക്കുക.

കീടനാശിനി രജിസ്ട്രേഷന്‍ എവിടെ?

കീടനാശിനികളുടെ രജിസ്ട്രേഷനും ഡ്രോണ്‍ ഉപയോഗത്തിനും അപേക്ഷകന്‍ 1968 ലെ കീടനാശിനി നിയമം അനുസരിച്ച് CIB&RC നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ CIB&RC സെക്രട്ടറിയേറ്റിനു മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.

ഡ്രോണ്‍ രജിസ്ട്രേഷൻ എവിടെ?

ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ വിശദവിവരങ്ങള്‍ക്കായി ഭാരതസര്‍ക്കാരിന്റെ ഡിജിറ്റല്‍സ്കൈ പ്ലാറ്റ്ഫോം സന്ദര്‍ശിക്കുക.

ചെറിയ നാനോ, മൈക്രോ ഡ്രോണുകള്‍ ഒഴികെയുള്ള ഡ്രോണുകള്‍ പറത്താന്‍ റിമോട്ട് പൈലറ്റ് ലൈസന്‍സ് ആവശ്യമാണ്.