Menu Close

കരുമുളകിന്റെ പരിപാലനം എങ്ങനെ?

കുരുമുളകിന്റെ ചരിത്രം
പ്രാചീനകാലം മുതല്‍ കേരളത്തിന്റെ കുരുമുളക് തേടി ലോകവ്യാപാരികള്‍ നമ്മുടെ സമുദ്രതീരത്തുവന്നിരുന്നു. അവരതുകൊണ്ടുപോയി വിറ്റ് വന്‍ലാഭം നേടി. അവരാണ് കുരുമുളകിനു കറുത്ത പൊന്ന് എന്ന പേരുകൊടുത്തത്. ആറായിരം വര്‍ഷം മുമ്പു മുതലേ പാശ്ചാത്യര്‍ കുരുമുളക് ഉപയോഗിക്കുന്നതായി രേഖകളുണ്ട്. ഇവിടെനിന്ന് കുരുമുളക് കൊണ്ടുപോകുന്ന കച്ചവടക്കാര്‍ പ്രഭവകേന്ദ്രം പുറത്തുപറയാതിരുന്നതിനാല്‍ ഇത് നൂറ്റാണ്ടുകളോളം പശ്ചാത്യര്‍ക്ക് വിസ്മയമായി നിന്നു. സുഗന്ധവ്യജ്ഞനമായും ഔഷധമായും പ്രാര്‍ത്ഥനാവസ്തുവായുമൊക്കെ അവര്‍ കുരുമുളക് ഉപയോഗിച്ചുവന്നു. പിന്നീട് ലോകസഞ്ചാരികളുടെ വെളിപ്പെടുത്തലിലൂടെയാണ് കുരുമുളകിന്റെ ജന്മദേശം കേരളമാണെന്ന് അവരറിയുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവില്‍ പോര്‍ട്ടുഗീസുകാര്‍ എത്തിയതോടെ കളി മാറി. അവര്‍ കുരുമുളക് മാത്രമല്ല മുളകുകൊടിയും ഇവിടെനിന്നു കടത്തി. അങ്ങനെ ലോകത്തിന്റെ പലയിടങ്ങളില്‍ കുരുമുളക് വളര്‍ന്നു. ഇന്ന് ഈ കൃഷിയില്‍ വിയറ്റ്നാമും ഇന്തോനേഷ്യയും ബ്രസീലുമൊക്കെ കേരളത്തിനു വെല്ലുവിളിയായി മാരിയിരിക്കുന്നു. എന്നിരുന്നാലും കുരുമുളകിന്റെ ഉത്ഭവസ്ഥലം എന്ന നിലയില്‍ മലബാര്‍ കുരുമുളകിന് ഒരു മൂല്യമുണ്ട്. അതു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ നമുക്കിനിയും കുരുമുളകില്‍നിന്നു പൊന്നുണ്ടാക്കാന്‍ കഴിയും.

കുരുമുളകിനു ചേരുന്ന മണ്ണും കാലാവസ്ഥയും
നീണ്ട മഴ ലഭിക്കുന്ന, ശരാശരിയിലും ഉയർന്ന താപനിലയുള്ളതും ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിലാണ് കുരുമുളക് നന്നായി വളരുന്നത്.
ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണ‌രാജ്യങ്ങളാണ് ഇതിനു പറ്റിയത്. 10°C – 40°C ചൂടും ചെടിയുടെ വിവിധ വളർച്ചാഘട്ടത്തിൽ ലഭിക്കേണ്ട മഴയുമാണ് കുരുമുളകിൻ്റെ വിളവിനെ നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങള്‍. വളക്കൂറുള്ള നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കുരുമുളകിനു പറ്റിയത്.

ഇനങ്ങൾ
കേരള കാർഷിക സർവകലാശാലയുടെ പന്നിയൂർ 1, പന്നിയൂർ 2, പന്നിയൂർ 3, പന്നിയൂർ 4, പന്നിയൂർ 5, പന്നിയൂർ 6, പന്നിയൂർ 7, പന്നിയൂർ 8, പന്നിയൂർ 9, പന്നി യൂർ 10, വിജയ്, ഐ.ഐ.എസ്.ആർ. ഇനങ്ങളായ ശ്രീകര, ശുഭകര, പഞ്ചമി, പൗർണമി, ഗിരിമുണ്ട, ശക്തി, തേവം, മലബാർ എക്‌സൽ തുടങ്ങിയ മികച്ച ഇനങ്ങളും കരിമുണ്ട്, നീലമുണ്ടി, കൊറ്റനാടൻ, കുതിരവാലി, ബാലൻകോട്ട, കല്ലുവള്ളി തുടങ്ങിയ നാടൻ ഇനങ്ങളുമുണ്ട്.

നടീൽ വസ്‌തു
മാതൃസസ്യത്തിൽനിന്ന് വള്ളി മുറിച്ചുനടുന്നതാണ് കുരുമുളക് വളര്‍ത്തലിന്റെ രീതി. നല്ല വളർച്ചയുള്ള, ഉയർന്ന വിളവ് നൽകുന്ന, പരമാവധി നീളമുള്ള തിരികളുള്ള, കീടരോഗബാധയില്ലാത്തതുമായ മാത്യസസ്യങ്ങളില്‍നിന്നുവേണം വള്ളിയെടുക്കാന്‍. 5-12 വർഷം പ്രായമുള്ളവയായില്‍നിന്ന് വള്ളിയെടുക്കുന്നതാണ് ഉത്തമം. കൊടിയുടെ ചുവട്ടിൽ നിന്നുണ്ടാകുന്ന ചെന്തലകൾ മണ്ണിൽ തട്ടി വേര് വരാതിരിക്കുന്നതിന് താങ്ങിനോട് ചേർത്ത് ചുറ്റിക്കെട്ടി വയ്ക്കണം. ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ഇവ മുറിച്ചെടുക്കാം. നടുവിലെ മൂന്നിലൊന്ന് ഭാഗമാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. ഇളം തലപ്പും കൂടുതൽ മൂത്ത കടഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുള്ള കഷ്ണങ്ങളായി മുറിച്ചു ഇലഞെട്ട് തണ്ടിൽ നിൽക്കത്തക്കവിധം ഇലകൾ മുറിച്ചുമാറ്റണം. ഈ തണ്ടുകൾ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ കൂടകളിൽ നടാം. രണ്ടു ഭാഗം ഫലഭൂയിഷ്ഠിയുള്ള മേൽമണ്ണ്, ഒരു ഭാഗം പൂഴിമണൽ, ഒരു ഭാഗം ചാണകപ്പൊടി എന്ന തോതിൽ ചേർത്ത മിശ്രിതമാണ് കൂടകൾ നിറക്കേണ്ടത്.
അൻപത് സെ.മീ നീളവും വീതിയും അത്ര തന്നെ ആഴവുമുള്ള കുഴികളിലാണ് കുരുമുളക് നടുന്നത്. താങ്ങുകാലുകളിൽ നിന്ന് 30 സെ.മീ അകലത്തിലായിരിക്കണം കുഴികൾ എടുക്കേണ്ടത്. വീട്ടുമുറ്റത്തുള്ള തെങ്ങ്, കവുങ്ങ് എന്നീ മരങ്ങൾക്കു ചുവട്ടിൽ കൊടികൾ നടുമ്പോൾ തെങ്ങിൻ്റെ കടയ്ക്കൽ നിന്ന് 1.5 മീറ്റർ അകലത്തിലും കവുങ്ങിൻ ചുവട്ടിൽ നിന്ന് 1 മീറ്റർ അകലത്തിലും വേണം കുഴികളെടുക്കാൻ. ഈ കുഴിയിൽ വള്ളിത്തലകൾ നട്ടശേഷം വൃക്ഷത്തിൻ്റെ തടിയിൽ എത്താനുള്ള നീളം ആകുന്നതു വരെ വള്ളികളെ ചെറിയ കമ്പിൽ പടർത്തണം.

നടുന്ന വിധം
കുഴികൾ ജൈവവളവും മേൽമണ്ണും ചേർത്തു മൂടണം. കുഴിയിൽ 5 കിലോ കാലിവളവും 50 ഗ്രാം ട്രൈക്കോഡർമയും ചേർക്കണം. കുഴിയുടെ നടുവിലായി കുരു മുളക് നടാം. കൂടകളിൽ വേരുപിടിപ്പിച്ചിട്ടുള്ള കമ്പുകൾ നടാൻ കൂട സൂക്ഷിച്ച് കീറി മാറ്റണം. കൂടയിലെ മണ്ണിളകാതെ ഒരു കുഴിയിൽ വേരുപിടിപ്പിച്ച രണ്ടു കമ്പുകൾ വീതം നടാം. വള്ളികൾ വളരുന്നതിനനുസരിച്ച് തണ്ടുകൾ താങ്ങിനോട് ചേർത്ത് കെട്ടി വയ്ക്കാറുണ്ട്. അത് കുരുമുളക് വള്ളിയുടെ മുട്ടുകൾ താങ്ങ് വൃക്ഷത്തിൽ പടർന്ന് കയറാൻ സഹായിക്കുന്നു. ഈ മുട്ടുകളിൽനിന്ന് പുതിയ കിളിർപ്പുകൾ ഉണ്ടായി ചെടി വളരുന്നു. തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് അഴുകി ജൈവ വളമാകാനും ഈർപ്പം നിലനിർത്താനും സഹായിക്കും.

താങ്ങുകൾ
വള്ളിച്ചെടിയായ കുരുമുളകിന് താങ്ങായി തെങ്ങ്, കമുക് പോലെയുള്ള വൃക്ഷങ്ങളോ താങ്ങുകാലുകളോ ഉണ്ടായിരിക്കണം. കുരുമുളകുവള്ളികൾ നടുന്നതിനു മുൻപേ തന്നെ താങ്ങുമരങ്ങൾ നട്ടുപിടിപ്പിക്കണം. ഏപ്രിൽ – മെയ് മാസങ്ങളിൽ പുതുമഴ പെയ്യുന്നതോടെ താങ്ങുമരങ്ങള്‍ നടാം. സമതലത്തിൽ 3×3 മീറ്ററും ചെരിവുള്ള സ്ഥലങ്ങളിൽ 4×2 മീറ്ററും അകലത്തിൽ വേണം താങ്ങുമരങ്ങൾ നടാൻ.

വളപ്രയോഗം
കുരുമുളകുവള്ളികൾക്കുള്ള വളപ്രയോഗം ചെടിയിൽനിന്ന് 30-40 സെൻ്റിമീറ്റർ അകലത്തിലും 10 – 15 സെൻ്റിമീറ്റർ ആഴത്തിലുമുള്ള തടങ്ങളിലാണ് ചെയ്യേണ്ടത്. തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കുമ്പോൾ തന്നെ ഒരു ചെടിക്കു പ്രതിവർഷം 10 കി.ഗ്രാം കാലിവളം/കമ്പോസ്റ്റ്/ പച്ചിലകൾ എന്ന തോതിൽച്ചേർത്ത് ചെറുതായി മണ്ണിട്ടുമൂടുക. ഒന്നിടവിട്ട വർഷങ്ങളിൽ, ഏപ്രിൽ -മെയ് മാസങ്ങളിൽ, വേനൽമഴ ലഭിക്കുന്നതോടെ, വള്ളിക്ക് 500 ഗ്രാം എന്ന തോതിൽ കുമ്മായം ഇടുന്നതു അഭികാമ്യമാണ്.
10 കി.ഗ്രാം ചാണകം + 500 ഗ്രാം വേപ്പിൻ പിണ്ണാക്ക് + 500 ഗ്രാം ചാരം + 2 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ് എന്നിവയോടൊപ്പം 20 ഗ്രാം അസോസ്പൈറില്ലവും ഫോസ്ഫറസ് സോലൂബിലൈസിംഗ് ബാക്റ്റീരിയയും കൂടിച്ചേർത്തുനൽകുക. PGPR കൺസോർഷ്യ (50 ഗ്രാം) പ്രയോഗിക്കുന്നത് വളർച്ച ത്വരിതപ്പെടുത്തുവാനും രോഗത്തെ നിയന്ത്രിക്കുവാനും സഹായിക്കും.
മൂന്നുവർഷവും അതിൽക്കൂടുതലും പ്രായമുള്ള കുരുമുളകിന് പ്രതിവർഷം ഒരു കൊടിക്ക് 50:50:150 ഗ്രാം NPK യാണ് ശുപാർശ. ഒരു ചെടിക്കു 108 ഗ്രാം യൂറിയ, 250 ഗ്രാം മസ്സൂറിഫോസ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ പ്രതിവർഷം കൊടുക്കേണ്ടതാണ്. വളങ്ങൾ രണ്ടുതവണകളായി പ്രയോഗിക്കാം. ആദ്യത്തേത് മെയ്-ജൂൺ മാസങ്ങളിലും രണ്ടാമത്തേത് ഓഗസ്റ്റ്-സെപ്റ്റംബറിലും. നട്ട് ഒരുവർഷം പ്രായമായ ചെടികൾക്ക് ശുപാർശയുടെ മൂന്നിലൊന്നു ഭാഗവും രണ്ടുവർഷം പ്രായമുള്ള ചെടികൾക്ക് ശുപാർശയുടെ രണ്ടിലൊന്നു ഭാഗവും, മൂന്നാംവർഷം മുതൽ മുഴുവൻ ശുപാർശയും നൽകണം.
കുരുമുളകുകൃഷിയിൽ സിങ്കിൻ്റെ അഭാവമുള്ള പ്രദേശങ്ങളിൽ വിളവും ഗുണവും വർദ്ധിപ്പിക്കുന്നതിന് കുരുമുളക് പൂവിടുമ്പോഴും കായ്പിടിക്കുമ്പോഴും ഒരു ഹെക്‌ടറിന് 6 കിലോ സിങ്ക് സൾഫേറ്റ് എന്ന കണക്കിൽ മണ്ണിൽ നൽകുകയോ പത്രപോഷണം വഴി (ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എന്ന തോതില്‍) നൽകുകയോ ചെയ്യണം. മൊളിബ്‌ഡിനം അഭാവമുള്ള പ്രദേശങ്ങളിൽ ഒരു ഹെക്‌ടറിന് 1 കിലോ എന്ന കണക്കിൽ മൊളിബ്‌ഡിനം കൊടുക്കാവുന്നതാണ്.

ജലസേചനം
തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികൾക്ക് 8-10 ദിവസങ്ങളിലൊരിക്കൽ ചെടി ഒന്നിന് 100 ലിറ്റർ എന്ന തോതിൽ നനച്ചു കൊടുക്കണം. നവംബർ-ഡിസംബർ മുതൽ ഏപ്രിൽ-മെയ് വരെയുള്ള കാലത്താണ് നനയുടെ ആവശ്യം. കൊടിക്ക് ചുറ്റും 75 സെ.മി വ്യാസത്തിൽ എടുത്ത തടങ്ങളിലാണ് വെള്ളം നൽകേണ്ടത്. കൂടാതെ ഉണങ്ങിയ ഇലകളോ മറ്റോ ഉപയോഗിച്ച് തടത്തിൽ പുതയിടുന്നതും നല്ലതാണ്.

വള്ളിത്തല കെട്ടൽ
തണ്ടുകൾ വളർന്ന് നീളംവച്ചുതുടങ്ങുമ്പോൾ അവ താങ്ങുകാലുകളോടു ചേർത്തുവച്ച് കെട്ടിക്കൊടുക്കണം. ബലം കുറഞ്ഞതും എളുപ്പം ദ്രവിച്ചുപോകുന്നതുമായ നാരുകളായിരിക്കണം ഇതിനായി ഉപയോഗിക്കുന്നത്.

തൈകൾ പൊതിഞ്ഞു കെട്ടൽ
നേരിട്ട് വെയിൽതട്ടുന്ന സ്ഥലങ്ങളിൽ, ആദ്യത്തെ ഒന്നുരണ്ടുവർഷം വേനൽക്കാലം ആകുമ്പോൾ ഇളംതണ്ടുകൾക്ക് പൊള്ളൽ ഏൽക്കാതിരിക്കാൻ തെങ്ങോലയോ മറ്റോ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടണം.

രോഗങ്ങള്‍
മഴക്കാലത്ത് കുരുമുളകുകൃഷിയില്‍ കൂടുതല്‍ കരുതല്‍വേണം. പുതിയ തൈകൾക്കും കായ്ച്ചുകൊണ്ടിരിക്കുന്ന വള്ളികൾക്കും അസുഖംവരാനുള്ള സാധ്യതയേറെയാണ്. മഴക്കാലത്താണ് ദ്രുതവാട്ടം കൂടുതലായി കണ്ടുവരുന്നത്. ചെടിയെ പൂർണമായും നശിപ്പിക്കാൻ ശക്തിയുള്ളതാണ് ദ്രുതവാട്ടമുണ്ടാക്കുന്ന കുമിളുകൾ. സ്യൂഡോമോണാസ്, ട്രൈക്കോഡെർമ എന്നിവ 15 ദിവസം ഇടവിട്ട് ചെടികളുടെ ഇലകളിലും അടിഭാഗത്തും തളിച്ചുകൊടുക്കണം. അസുഖംവന്ന ചെടികൾ പറിച്ചെടുത്തു നശിപ്പിക്കുന്നതാണു നല്ലത്.
ഇലപ്പുള്ളിരോഗവും മഴക്കാലത്തു പതിവാണ്. ഇലകൾ മഞ്ഞനിറമായി അതിനകത്തു കറുത്തപൊട്ടുകൾ രൂപപ്പെട്ടും. ക്രമേണ തിരികളെല്ലാം കൊഴിഞ്ഞുപോകും. രോഗലക്ഷണം കണ്ടാലുടൻതന്നെ ഒരുശതമാനം വീര്യമുള്ള ബോർഡോമിശ്രിതം 30 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കണം.
പൊള്ളുവണ്ടിന്റെ ആക്രമണമുണ്ടാകുന്നതും മഴക്കാലത്താണ്. പെൺവണ്ടുകൾ തിരികളിൽ മുട്ടയിടും. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കൾ തിരികളിലെ മണികൾ തുളച്ചുകയറി ഉൾക്കാമ്പ് തിന്നുതീർക്കും. വേപ്പെണ്ണകൊണ്ടുള്ള കീടനാശിനിയായ നീം ഗോൾഡ് മൂന്നാഴ്ച ഇടവിട്ട് അടിച്ചുകൊടുക്കാം. ഇലയുടെ അടിവശത്തും തിരികളിലുമെല്ലാം ഇതു തളിക്കണം.
പുതുതായി തളിർക്കുന്ന കാണ്ഡങ്ങളെ തിന്നുതീർക്കുന്ന തണ്ടുതുരപ്പനും മഴക്കാലത്തുണ്ടാകുന്ന മറ്റൊരു ശല്യമാണ്. മുകുളങ്ങൾ കരിഞ്ഞു ചെടിയുടെ വളർച്ച മുരടിച്ചുപോകും. സ്യൂഡോമോണാസ് ലായനി 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. രോഗം പടർത്താൻ സാധ്യതയുള്ള കളകൾ, ചെടികൾ എന്നിവ നീക്കം ചെയ്യാൻ മറന്നുപോകരുത്. കുരുമുളകിനടുത്ത് തക്കാളി, വെള്ളരി, ചേമ്പ്, വാഴ എന്നിവ കൃഷി ചെയ്താൽ വൈറസ് രോഗം വരാൻ സാധ്യതയേറെയാണ്. സൂക്ഷ്മമൂലകമായ സിങ്കിന്റെ അഭാവമുണ്ടെങ്കിൽ ഇല കുരുടിച്ചുപോകും. സിങ്ക് സൾഫേറ്റ് 30 ഗ്രാം ഒരു ചെടിക്കു നൽകിയാൽ ഈ അസുഖം മാറും.

വിളവെടുപ്പ്
നല്ലതുപോലെ പരിചരണം ലഭിക്കുന്ന കുരുമുളകുകൊടിയിൽ നിന്ന് നട്ട് മൂന്നാംവർഷം മുതൽ വിളവുലഭിക്കുന്നു. ശരാശരി 25 വർഷം വരെ നല്ലരീതിയിൽ വിളവ് ലഭിക്കാറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സാധാരണ വിളവെടുപ്പുകാലം. പറിച്ചെടുക്കുന്ന കുരുമുളകുകുലകൾ കൂട്ടിയിട്ട് ഒരു ദിവസം ചാക്കുകൊണ്ട് മൂടിയിടുന്നു. പിന്നീട് മെതിച്ച് മുളകുമണികൾ വേർതിരിക്കുന്നു. ഇങ്ങനെ വേർതിരിക്കുന്ന കുരുമുളക് വൃത്തിയുള്ള സ്ഥലത്തുനിരത്തി വെയിലിൽ ഉണക്കിയെടുക്കുന്നു. ഇങ്ങനെ 3-5 ദിവസം നല്ലതുപോലെ ഉണക്കിയ കുരുമുളകിന് നല്ല കറുത്ത നിറമായിരിക്കും. ഉണക്കിയ മുളക് ഈർപ്പം തട്ടാതെ സൂക്ഷിച്ചു വയ്ക്കണം. ഒരു കൊടിയില്‍നിന്ന് ശരാശരി 3 കിലോ പച്ച കുരുമുളകും 1 കിലോ ഉണങ്ങിയ കുരുമുളകും ലഭിക്കും.

(അവലംബം: തോട്ട സുഗന്ധവിളവിഭാഗം, കാര്‍ഷികകോളേജ്, വെള്ളായണി, തിരുവനന്തപുരം)