Helpline : +91 9656933339
വേനല്‍ക്കാലത്തും നൂറുമേനി വിളവെടുക്കാനുള്ള വഴികള്‍.

വേനല്‍ക്കാലം കര്‍ഷകന്റെ ചങ്കിടിപ്പ് കൂട്ടും. വിളകള്‍ നനയ്ക്കാന്‍ ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ വിള നശിച്ചത് തന്നെ. എന്നാല്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലോ പച്ചക്കറിയും വാഴയും വിളയിച്ച് പത്ത് കാശുണ്ടാക്കാം. തെങ്ങിന് നന കൊടുത്താല്‍ തേങ്ങ ഇരട്ടിയാണ് കിട്ടാന്‍ പോകുന്നത്. വേനല്‍ക്കാലത്ത് ജലസേചനം കാര്യക്ഷമമാക്കാനും കുറഞ്ഞ വെള്ളം കരുതലോടെ ഉപയോഗിച്ച് വിളസംരക്ഷണത്തിനുതകുന്ന കുറച്ച് വിദ്യകളെപ്പറ്റി പ്രതിപാദിക്കാം.

മണ്ണിനെ പുതപ്പിക്കുക

വേനല്‍ക്കാലത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പാപം കരിയിലകള്‍ കത്തിക്കുക എന്നതാകുന്നു. തന്റെ ഇലപ്പടര്‍പ്പിനടിയിലെ ഉപകാരികളായ സൂക്ഷ്മാണുക്കള്‍ വെയിലേറ്റ് കാഞ്ഞുപോകാതിരിക്കാന്‍ മരങ്ങള്‍ പൊഴിക്കുന്ന ഇലകള്‍ വിവര ദോഷികളായ മനുഷ്യര്‍ കത്തിച്ചു കളയുന്നു. മണ്ണില്‍ അലിഞ്ഞ് 'ഹ്യൂമസ്' ആയിത്തീര്‍ന്ന് തൊണ്ണൂറ്റിനാല് മൂലകങ്ങളായിത്തീരേണ്ടവയെ കത്തിച്ച് ചാമ്പലാക്കുന്നു. ഈ കരിയിലകളെല്ലാം വാരി തെങ്ങിന്‍തടത്തിലും വാഴത്തടത്തിലും പച്ചക്കറിത്തടത്തിലും ഗ്രോബാഗിനകത്തും ഇഞ്ചിപ്പണയിലും ചേനപുതയായും ഉപയോഗിക്കണം. ചിതല്‍ വന്നാല്‍ പരിഭ്രമിക്കേണ്ടതില്ല. കടുപ്പമേറിയ സെല്ലുലോസും ......ദഹിപ്പിക്കാന്‍ ചിതലിനോളം എത്തില്ല ആരും. ചകിരിച്ചോര്‍, കമ്പോസ്റ്റ് , ഉമി, വൈക്കോല്‍, പഴകിയ മരപ്പൊടി, ചിന്തേര് പൊടി , പഴയ കടലാസുകള്‍, കാര്‍ഡ് ബോര്‍ഡുകള്‍ എന്നിവ പുതയിടാനായി ഉപയോഗിക്കാം.

തിരിനന

സാധാരണ ജലസേചന രീതിയില്‍ വെള്ളം മുകളില്‍ നിന്നും മണ്ണിലേക്ക് ഒഴിക്കുമ്പോള്‍ വെള്ളത്തോടൊപ്പം വളത്തിന്റെ തന്മാത്രകളും അടിയിലേക്ക് പോകുന്നു. വെള്ളം അമിതമായാല്‍ വളം വേരിന്റെ പരിധിക്കുമപ്പുറത്തെത്തി പാഴാകും. അവിടെയാണ് തിരിനനയുടെ മഹത്വം. വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന തിരിയിലൂടെ മണ്ണിന്റെ ഇഷ്ടത്തിനനുസരിച്ച് കേശികത്വം വഴി വെള്ളം മുകളിലേക്കുയര്‍ന്നു വരും. വെള്ളത്തില്‍ വളവും ലയിപ്പിച്ചു കൊടുക്കാം. മൂന്ന് നാല് ദിവസം വീട്ടില്‍ ആളില്ലെങ്കിലും പച്ചക്കറികള്‍ വാടാതെ നില്‍ക്കും. .

തെങ്ങിന്‍ തടങ്ങളില്‍ തൊണ്ട് മലര്‍ത്തിയടുക്കി മണ്ണോ ജൈവവളമോ വിതറിക്കൊടുക്കാം. തെങ്ങോലകള്‍, ചകിരി, കൊതുമ്പ്, ചൂട്ട് എന്നിവയെല്ലാം തെങ്ങിന്‍ തടത്തില്‍ത്തന്നെ ഇട്ടാല്‍ അതുകൊണ്ടു മാത്രം കിട്ടുന്ന അധികം തേങ്ങ പത്തെണ്ണമാണ്.

. മേല്‍മണ്ണില്‍ വെള്ളം പിടിച്ചുനിര്‍ത്താന്‍ 'ഹൈഡ്രോജെല്‍ ' ഉപയോഗിക്കാം. പച്ചക്കറിത്തടങ്ങളിലും ചട്ടി, ഗ്രോബാഗുകള്‍ എന്നിവയിലും മേല്‍മണ്ണിനൊപ്പം ബേബി ഡയപ്പറുകള്‍ക്കകത്ത് നിറച്ചിട്ടുള്ള ' ജെല്‍' ( പൊട്ടാസ്യം പോളി അക്രിലേറ്റുകള്‍) ഉപയോഗിച്ചാല്‍ ഒഴിക്കുന്ന കുറഞ്ഞ വെള്ളം പോലും ചെടിയുടെ വേരുപടലത്തിനു സമീപം ലഭ്യമാകും. വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നവര്‍ക്ക് 'പൂസാ ഹൈഡ്രോജെല്‍ ' മാര്‍ക്കറ്റില്‍ ലഭിക്കും.

 ഗ്രോബാഗുകളിലും ചട്ടികളിലും സൂക്ഷ്മ ജലസേചനത്തിനായി മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വെള്ളം നിറച്ച് സൂചി കൊണ്ട് ചെറിയ ദ്വാരങ്ങളുണ്ടാക്കി വച്ചുകൊടുക്കാം. അല്‍പ്പാല്‍പ്പമായി വെള്ളം കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കും. വെള്ളം ബാഷ്പീകരിക്കാതിരിക്കാന്‍ കരിയിലകള്‍ കൊണ്ട് നിറയ്ക്കാം. ആസ്പത്രികളില്‍ നിന്നും ശേഖരിക്കുന്ന ഡ്രിപ് കിറ്റുകള്‍ ജലസേചനത്തിനായി പ്രയോജനപ്പെടുത്താം

 ഉണങ്ങിയ ഓല കൊണ്ട് പുതയിടാം. നട്ട് 60 ദിവസം കഴിഞ്ഞും 90 ദിവസം കഴിഞ്ഞും വീണ്ടും പുതയിട്ടു കൊടുക്കണം. ഇതുപോലെ തന്നെ അറുപതാമത്തെ ദിവസവും 120 ദിവസമെത്തിയാലും മേല്‍വളങ്ങള്‍ കൊടുക്കണം.

 തെങ്ങിന്‍തൈകളെ സംരക്ഷിക്കാന്‍ തെങ്ങിന്‍ കുഴിയില്‍ ചെറിയ ഒരു തടമെടുത്ത് ഒരു ചെറുദ്വാരമിട്ട മണ്‍കുടത്തില്‍ വെള്ളം നിറച്ച് വെയ്ക്കാം. ആ ദ്വാരത്തിലൂടെ നീളത്തിലുള്ള ഒരു തുണിക്കഷണം മണ്ണിലേക്ക് കൊടുത്താല്‍ വെള്ളം അല്‍പ്പാല്‍പ്പമായി മണ്ണിന് ഈര്‍പ്പം കൊടുക്കും.

 കുരുമുളക് കൊടിത്തടത്തിലും ജാതിത്തടത്തിലും പരമാവധി കരിയിലകള്‍ കൂട്ടിയിടാന്‍ ശ്രദ്ധിക്കണം.

'മനസ്സുണ്ടെങ്കില്‍ വഴിയുണ്ട്' ഈ വേനല്‍ക്കാലത്ത് മേല്‍പ്പറഞ്ഞ വഴികളിലൂടെ മണ്ണ് കായാതെ മിത്രാണുക്കള്‍ നശിക്കാതെ മണ്ണിനെ കാക്കുക. 

Write a review

Note: HTML is not translated!
    Bad           Good

വേനല്‍ക്കാലത്തും നൂറുമേനി വിളവെടുക്കാനുള്ള വഴികള്‍.

  • Views: 1652
  • Date Added: 27-07-2018
  • Contact Number: 8592xxxxxx Please sign in to view the number

Farmer details

View Farmer Page
Please sign in to chat with Deepu S