Menu Close

ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ മുഴുവന്‍ ആറു മാസത്തിനകം തീര്‍പ്പാക്കും: മന്ത്രി കെ രാജന്‍

ഭൂമിതരംമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ശക്തമായ കാമ്പെയിന്‍ നടപടികള്‍ തുടര്‍ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമിതരംമാറ്റല്‍ വിഷയത്തില്‍ ഇതുവരെ ഓഫ്‌ലൈനായും ഓണ്‍ലൈനായും ലഭിച്ച മുഴുവന്‍ അപേക്ഷകളിലും ആറു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാനായി പൊതുവായ പ്രവര്‍ത്തന രീതി (സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ – എസ്ഒപി) സര്‍ക്കാര്‍ തയ്യാറാക്കിയതായി മന്ത്രി പറഞ്ഞു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ ഈ നടപടികള്‍ക്ക് പുതിയ ഗതിവേഗം നല്‍കും. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം ഭൂമിതരംമാറ്റത്തിനുള്ള അധികാരമുണ്ടായിരുന്നത് ആര്‍ഡിഒമാര്‍ക്ക് മാത്രമായിരുന്നു. മറ്റ് നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങളുള്ള ആര്‍ഡിഒമാര്‍ക്ക് ഇത്രയേറെ അപേക്ഷകള്‍ കൈകാര്യം ചെയ്യുക പ്രയാസകരമാണെന്ന് കണ്ടുകൊണ്ടാണ് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കു കൂടി ഇതിനുള്ള അധികാരം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതുപ്രകാരം നിലവിലെ 24 ആര്‍ഡിഒമാര്‍ക്കു പുറമെ, 42 ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കു കൂടി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാവും മന്ത്രി നിരീക്ഷിച്ചു.
തരംമാറ്റ അപേക്ഷകളിലെ നടപടികള്‍ വേഗത്തിലാക്കുന്നതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 900 ജീവനക്കാരെ നിയമിച്ചിരുന്നു. അതോടൊപ്പം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിലെ സര്‍ക്കാര്‍ ഇത്തരവ് പ്രകാരം 181 ക്ലാര്‍ക്കുമാരെ പിഎസ്‌സി വഴിയും 68 ജൂനിയര്‍ സൂപ്രണ്ടുമാരെ താല്‍കാലിക സ്ഥാനക്കയറ്റം നല്‍കിയും 123 സര്‍വ്വേയര്‍മാരെ താല്‍ക്കാലികമായും നിയമിക്കുന്നതിനും 220 വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് അനുവദിക്കാനും തീരുമാനമായി. കൂടാതെ ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ പുനര്‍വിന്യസിക്കാന്‍ കഴിയുന്ന 1323 തസ്തികകള്‍ കണ്ടെത്തി വില്ലേജ് ഓഫീസുകളില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു.
സര്‍വേനടപടികള്‍ വൈകുന്നത് തരംമാറ്റ ഉത്തരവ് നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന് കണ്ടതിനാല്‍ അത് പരിഹരിക്കുന്നതിനായി ഭൂമിക്ക് താല്‍കാലിക സബ്ഡിവിഷന്‍ നമ്പര്‍ നല്‍കി നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തരംമാറ്റ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയ 2022 ഫെബ്രുവരി വരെ 2,26,901 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 2,23,077 അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഇതിനകം സാധിച്ചു. 2022 ഫെബ്രുവരി മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 3,11,167 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 82,528 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി. നിലവില്‍ പ്രതിദിനം 500 ലധികം അപേക്ഷകളാണ് ഭൂമി തരംമാറ്റാനായി ലഭിക്കുന്നത്.
നിയമം ലംഘിച്ച് നികത്തിയ വയലുകളും തണ്ണീര്‍ത്തടങ്ങളും പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിയമം ജില്ലാ കളക്ടര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഇത് പ്രകാരം വിവിധ ജില്ലകളിലായി നിലനില്‍ക്കുന്ന 974 കേസുകളില്‍ ഭൂമി പൂര്‍വസ്ഥിതിയിലേക്ക് മാറ്റാന്‍ 14.65 കോടി രൂപ അവശ്യമാണെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ച് കലക്ടര്‍മാര്‍ക്ക് ആവശ്യമായ പണം സര്‍ക്കാര്‍ നല്‍കും. ഭൂമി പൂര്‍വ സ്ഥിതിയിലേക്ക് മാറ്റിയ ശേഷം ഭൂവുടമയില്‍ നിന്നും റവന്യൂ റിക്കവറിയിലൂടെ ചെലവായ തുക ഈടാക്കി തിരികെ ഖജനാവിലേക്ക് മുതല്‍കൂട്ടാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
തരംമാറ്റ നടപടികള്‍ വേഗത്തിലാക്കുന്നതിനായി പുതുതായി പുറപ്പെടുവിച്ച എസ്ഒപി പ്രകാരം സബ് ഡിവിഷന്‍ ആവശ്യമില്ലാത്ത ഭൂമി തരംമാറ്റ കേസുകളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവ് ലഭ്യമായി 48 മണിക്കൂറിനകം ഭൂരേഖാ തഹസില്‍ദാര്‍ താലൂക്ക് ഓഫീസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വില്ലേജ് ഓഫീസര്‍ക്ക് അയക്കണമെന്നാണ് വ്യവസ്ഥ. തുടര്‍ന്നുള്ള അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം വില്ലേജ് ഓഫീസര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂവുടമയ്ക്ക് കരം അടയ്ക്കാന്‍ സൗകര്യമൊരുക്കണം.
സബ് ഡിവിഷന്‍ ആവശ്യമുളള കേസുകളില്‍ ആര്‍ഡിഒയില്‍ നിന്നും തരംമാറ്റ ഉത്തരവ് ലഭിച്ചാലുടന്‍ ഭൂരേഖാ തഹസില്‍ദാര്‍ നിലവില്‍ തുടര്‍ന്നുവരുന്ന സര്‍വെ നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കി, തരം മാറ്റപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന് അനുസൃതമായി സബ് ഡിവിഷന്‍ അനുവദിച്ചും നിയമാനുസൃതം ഭൂനികുതി തിട്ടപ്പെടുത്തിയും സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച് സ്‌കെച്ച് പകര്‍പ്പ് സഹിതം വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഇതു പ്രകാരം വില്ലേജ് ഓഫീസര്‍ക്ക് താല്‍ക്കാലിക സബ് ഡിവിഷന്‍ നമ്പരില്‍ കരം സ്വീകരിക്കാം. അതേസമയം, ഭൂമിയുടെ സബ് ഡിവിഷന്‍ നടപടി സപ്ലിമെന്ററി ബിടിആറില്‍ സര്‍വേയര്‍ മുഖാന്തിരം പൂര്‍ത്തീകരിക്കുന്നതാണെന്ന് രേഖപ്പെടുത്തണം. ഇത്തരത്തില്‍ താല്‍ക്കാലിക സര്‍വ്വെ നമ്പര്‍ നല്‍കി ഭൂനികുതി സ്വീകരിക്കുന്ന കേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ ഭൂരേഖാ തഹസില്‍ദാര്‍മാര്‍ സര്‍വേ സബ് ഡിവിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവ ക്രമവല്‍ക്കരിക്കേണ്ടതും വില്ലേജ് റിക്കാര്‍ഡുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുമാണെന്നും മന്ത്രി അറിയിച്ചു.